ആഡംബര കാറിടിച്ച് ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു; എംപിയുടെ മകൾക്ക് ജാമ്യം
ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നയാൾ മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈ എസ് ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം കാറിൽ പോകുകയായിരുന്ന യുവതി ബസന്ത് നഗറിൽ ഉറങ്ങിക്കിടന്ന ഇരുപത്തിനാലുകാരനായ സൂര്യയുടെ ദേഹത്തേക്ക് വണ്ടി കയറ്റുകയായിരുന്നു.
അപകടമുണ്ടായതിന് പിന്നാലെ മാധുരി ഇവിടെ നിന്ന് രക്ഷപ്പെട്ടു. ആളുകൾ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. കുറച്ച് സമയം കഴിഞ്ഞ് ഈ യുവതിയും അവിടെ നിന്ന് പോയി. തുടർന്ന് നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സൂര്യയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മാധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ സുഹൃത്തുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി.
പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ബിഎംആർ (ബീഡ മസ്താൻ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതുമാണെന്ന് പൊലീസ് കണ്ടെത്തി. മാധുരിയെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ ജാമ്യം ലഭിച്ചു. രാജ്യസഭാ എംപിയായ റാവു എംഎൽഎയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.