വീട്ടുമുറ്റത്ത് പ്രസവിച്ചശേഷം ആനക്കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന പോയി; കുഞ്ഞനെ വനം വകുപ്പ് അമ്മയുടെ അടുത്തെത്തിച്ചു

Update: 2023-11-18 11:16 GMT

കർണാടക വനംവകുപ്പിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സംഭവം വൈറലായതിനെത്തുടർന്ന് വനംവകുപ്പ് ഓഫീസുകളിലേക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കാരണം എന്താണെന്നല്ലേ..?

വീട്ടുമുറ്റത്തു പ്രസവിച്ചശേഷം കാട്ടിലേക്കു ഓടിപ്പോയ അമ്മയാനയുടെ അടുത്തേക്കു കുട്ടിയാനയെ എത്തിച്ച സംഭവമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. തിങ്കളാഴ്ച രാത്രി വൈകിയാണ് വിരാജ്‌പേട്ടയിലെ കാരട ഗ്രാമത്തിലെ കീമലെ കടവിലെ വീട്ടുമുറ്റത്ത് ആന പ്രസവിച്ചത്. വാർത്ത പരന്നതോടെ ആനക്കുട്ടിയെ കാണാൻ ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഇത് അമ്മ ആനയെ പ്രകോപിപ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിയെ ജീപ്പിൽ കയറ്റി വനത്തിലൂടെ അതിൻറെ അമ്മയെ അന്വേഷിച്ചു നടന്നു. നാട്ടുകാരും വനപാലകരുടെ സഹായത്തിനെത്തി. ഏഴു കിലോമീറ്ററോളം നീണ്ട തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്താൻ കഴിഞ്ഞത്. അതുവരെ ആനക്കുട്ടിക്ക് ഗ്ലൂക്കോസ് നൽകുന്നുണ്ടായിരുന്നു ഉദ്യോഗസ്ഥർ.

അമ്മയാന കുട്ടിയെ ഉപേക്ഷിച്ച് പോകുന്ന സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്തായാലും വനംവകുപ്പും നാട്ടുകാരും ചേർന്ന് കുട്ടിയെ അമ്മയാനയുടെ അടുത്തെത്തിച്ച് ലോകത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റി.

Tags:    

Similar News