മോദി യുക്രെയ്ൻ സന്ദർശിക്കും; കീവിലേക്കുള്ള യാത്ര പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം

Update: 2024-08-20 07:03 GMT

ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷമാണ് മോദിയുടെ യുക്രെയ്ൻ സന്ദർശനം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനം കൂടിയാണ് ഇത്.

ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ വച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജപ്പാനിലെ ഹിരാഷിമയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയും ഇവർ കണ്ടുമുട്ടി. യുക്രെയ്‌ന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലും സന്ദർശനം നടത്തും. ഓഗസ്റ്റ് 21, 22 തീയതികളിലാണ് പോളണ്ട് സന്ദർശനം. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സന്ദർശനം. ഇവിടത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി യുക്രെയ്‌നിലേക്ക് യാത്ര തിരിക്കുക.

അതേസമയം പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമായിരിക്കും മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പോകുക. യുക്രെയ്ൻ അതിർത്തിയിലുള്ള പോളണ്ടിലെ പെരെമിശ്-ഹൊലൊവ്‌നിയ് നഗരത്തിൽ നിന്ന് യുക്രെയ്‌ന്റെ റെയിൽ ഫോഴ്‌സ് വൺ ട്രെയിനിലായിരിക്കും യാത്ര. ഓഗ്സ്റ്റ് 22ന് രാത്രി ഇവിടെ നിന്ന് പുറപ്പെട്ട് പത്തുമണിക്കൂർ യാത്ര ചെയ്ത് 23ന് രാവിലെയോടെ മോദി യുക്രെയ്ൻ തലസ്ഥാനമായി കീവിൽ എത്തും. റഷ്യൻ ആക്രമണത്തിൽ റെയിൽവേയുടെ വൈദ്യുത ശൃംഖലകൾ തകർന്നതിനാൽ തന്നെ ഡീസൽ ലോക്കോമോട്ടീവായിരിക്കും ട്രെയിൻ യാത്രയ്ക്ക് ഉപയോഗിക്കുക. കീവ് നഗരത്തിൽ ഏകദേശം 7 മണിക്കൂർ നേരം മോദി സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം ട്രെയിൻ മാർഗം തന്നെ അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചെത്തും.

മോദിയുടെ സന്ദർശനത്തിനിടെ യുക്രെയ്‌നുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. സാമ്പത്തികം, വാണിജ്യ ബന്ധം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിലായിരിക്കും മോദിയും സെലെൻസ്‌കിയും സമഗ്രമായ ചർച്ചകൾ നടത്തുക. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഒത്തുതീർപ്പിലെത്താനുള്ള വാദവും യുക്രെയ്‌ന് മുന്നിലേക്ക് ഇന്ത്യ വയ്ക്കാൻ സാധ്യതയുണ്ട്.

Tags:    

Similar News