വി.ആർ.എസിന് നിർബന്ധിക്കുന്നത് ആത്മഹത്യാപ്രേരണയാകുമോ?; കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

Update: 2024-10-12 05:00 GMT

മേലുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ? ഇതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി. വി.ആർ.എസ്. (സ്വയം വിരമിക്കൽ) എടുക്കാൻ നിർബന്ധിച്ചതിനാൽ ജീവനക്കാരൻ ആത്മഹത്യചെയ്തെന്ന കേസിൽ മൂന്ന് മേലുദ്യോഗസ്ഥരുടെപേരിലെ കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വിശദമാക്കിയത്.

പ്രശസ്തമായ സ്വകാര്യകമ്പനിയിൽ 23 വർഷം ജോലിചെയ്ത സെയിൽസ്‌മാൻ രാജീവ് ജെയിൻ ലഖ്നൗവിലെ ഹോട്ടൽമുറിയിൽ 2006-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് രാജീവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മേലുദ്യോഗസ്ഥർ ഹോട്ടലിൽ വിളിച്ചുചേർത്ത സെയിൽസ്‌മാൻമാരുടെ യോഗത്തിൽ രാജീവ് ഉൾപ്പെടെയുള്ള ജീവനക്കാരെ വി.ആർ.എസിന് നിർബന്ധിച്ചെന്നാണ് പരാതി. അതേദിവസം ഹോട്ടലിലെ മുറിയിൽ രാജീവ് ആത്മഹത്യചെയ്യുകയായിരുന്നു.

എന്നാൽ, അപമാനിക്കലും മാനസികമായി പീഡിപ്പിക്കലും മാത്രം ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പീഡിപ്പിക്കപ്പെട്ടയാൾ ആത്മഹത്യചെയ്യണമെന്ന ഉദ്ദേശ്യം പ്രതികൾക്കുണ്ടായിരുന്നുവെന്നതിന് തെളിവ് വേണം. തൊഴിലുടമയുമായോ മേലുദ്യോഗസ്ഥരുമായോ ഔദ്യോഗിക ജോലിയെച്ചൊല്ലി വഴക്കോ വാക്​തർക്കമോ ഉണ്ടാകുന്നത് ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

Tags:    

Similar News