ബിഷ്‌ണോയിയുടെ തലക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന: കൊലപ്പെടുത്തുന്നവർക്ക് 1.11 കോടി പ്രതിഫലം

Update: 2024-10-22 12:27 GMT

രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ തലക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന. ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന പൊലീസുകാരന് 1.11 കോടിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ക്ഷത്രിയ കർണി സേന നേതാവ് രാജ് ഷെഖാവത്താണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ രജ്പുത്ത് നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം എന്ന നിലയ്ക്കാണ് കർണിസേന പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാരന്, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പണം വിനിയോഗിക്കാമെന്നും ഷെഖാവത്ത് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഗോഗമേദിയെ ബിഷ്‌ണോയിയുടെ സംഘം കൊലപ്പെടുത്തിയിരുന്നത്.

രാജ്യാന്തര മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലാണ് കഴിയുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പും പിന്നാലെ നടന്ന ബാബ സിദ്ദീഖിയുടെ കൊലപാതകവുമാണ് ലോറൻസ് ബിഷ്‌ണോയിയെ വീണ്ടും വാർത്തകളിലേക്ക് കൊണ്ടുവന്നത്. ഇതിൽ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ നേരത്തെ തന്നെ ബിഷ്‌ണോയ് സമുദായം രംഗത്തുണ്ട്. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പട്ടാപ്പകൽ വീട്ടിൽ ചായകുടിച്ച് കൊണ്ടിരിക്കെയാണ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ ബിഷ്‌ണോയിയുടെ അനുയായികൾ കൊലപ്പെടുത്തുന്നത്. അദ്ദേഹത്തോടൊപ്പം ആ സമയത്തുണ്ടായിരുന്നവർ തന്നെയാണ് വെടിയുതിർക്കുന്നത്.

അദ്ദേഹത്തിന്റെ അംഗരക്ഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരിച്ചുള്ള വെടിവെപ്പിൽ ഷൂട്ടർമാരിലൊരാളായ നവീൻ സിങ് ഷെഖാവത്ത് കൊല്ലപ്പെടുകയും ചെയ്തു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്‌ണോയിയുമായും ഗോൾഡി ബാർ അധോലോക സംഘവുമായും അടുപ്പമുള്ള രോഹിത് ഗോദ്ര ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ ശത്രുക്കളെ സഹായിക്കുന്നതിനാലാണ് ഗോഗമേദിയെ കൊലപ്പെടുത്തിയത് എന്നാണ് രോഹിത് ഗോദ്ര ഉത്തരവാദിത്തം ഏറ്റെടുത്ത് വ്യക്തമാക്കിയിരുന്നത്. രാജസ്ഥാനിൽ വൻ പ്രക്ഷോഭമാണ് ഈ കൊലപാതകം സൃഷ്ടിച്ചത്. സുഖ്‌ദേവ് സിങ് ഗോഗമേദിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് രജ്പുത് സമുദായം രംഗത്ത് എത്തിയിരുന്നു. രജ്പുത് സമുദായവുമായും കർണിസേനയുമായും അടുപ്പമുള്ള നേതാവായിരുന്നു കൊല്ലപ്പെട്ട ഗോഗമേദി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെ താഴെയിറക്കി ബിജെപിയെ എത്തിക്കുന്നതിൽ ഈ പ്രക്ഷോഭവും കാരണമായിട്ടുണ്ടെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.

ഗോഗമേദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ രാജസ്ഥാനിലെയും ഹരിയാനയിലെയും 31 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. പിസ്റ്റളുകൾ, വെടിമരുന്ന്, ഡിജിറ്റൽ വീഡിയോ റെക്കോർഡറുകൾ തുടങ്ങി സംശയകരമായ വസ്തുക്കളുടെ വൻശേഖരം തന്നെ പ്രതികളുമായി ബന്ധമുള്ള ഇടങ്ങളില്‍ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിരുന്നു. അതേസമയം ഗോഗമേദിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് സംശയിക്കുന്ന രോഹിത് ഗോദ്രയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. "പവൻ കുമാർ" എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാള്‍ രാജ്യം വിട്ടെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. കാനഡയിൽ ഉണ്ടെന്ന് കരുതുന്ന രോഹിത് ഗോദ്രയ്‌ക്കായി ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെ 32ലധികം ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യ തിരയുന്ന കുറ്റവാളികളിൽ ഒരാള്‍കൂടിയാണ് രോഹിത് ഗോദ്ര. ഇതിനിടെയാണ് ഈ കേസ്‌ വീണ്ടും സജീവമാക്കി കര്‍ണിസേന രംഗത്ത് എത്തുന്നത്.

Similar News