വൈറലാകാൻ മൊബൈൽ ടവറിൽ കയറി; യൂട്യൂബറെ താഴെയിറക്കിയത് 5 മണിക്കൂറിന് ശേഷം

Update: 2024-07-01 08:49 GMT

മൊബൈൽടവറിൽ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് വീഡിയോ ചിത്രീകരിക്കാനായി യൂട്യൂബറുടെ സാഹസികത. ടവറിനുമേൽ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവിൽ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

ഗ്രേറ്റർ നോയിഡയിലെ ടിഗ്രി ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ 'റീച്ചി'നായി മൊബൈൽടവറിൽ വലിഞ്ഞുകയറിയത്. നിലവിൽ 8870 സബ്സ്‌ക്രൈബേഴ്സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്സ്‌ക്രൈബേഴ്സ് വർധിക്കുമെന്നുമായിരുന്നു യുവാവിന്റെ കണക്കുക്കൂട്ടൽ.

മൊബൈൽടവറിൽ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വർ എത്തിയത്. തുടർന്ന് ഇയാൾ ടവറിന് മുകളിലേക്ക് കയറാൻ തുടങ്ങി. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം മൊബൈലിൽ ചിത്രീകരിക്കുകയുംചെയ്തു. ഇതിനിടെ യുവാവ് മൊബൈൽടവറിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവം കണ്ട് ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബറുടെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി. എന്നാൽ, ടവറിൽ കയറിയ നിലേശ്വർ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. യുവാവ് ടവറിന് മുകളിൽ കയറിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം യുവാവിനെതിരേ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News