സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം; അന്‍പതിലധികം സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ ആള്‍ പിടിയിൽ

Update: 2024-09-20 07:28 GMT

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച ആള്‍ പിടിയില്‍. ഡല്‍ഹി ക്രൈം ബ്രാഞ്ച് ആണ് മുക്കീം അയൂബ് ഖാന്‍ എന്നയാളെ പിടികൂടിയത്. വിവാഹവാഗ്ദാനം നല്‍കി അന്‍പതിലധികം സ്ത്രീകളെ ഇയാള്‍ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഏതാനും സ്ത്രീകളെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇരയായവരെല്ലാം മുസ്ലിം സ്ത്രീകളാണ്. അവിവാഹിതരും വിധവകളും വിവാഹമോചനം നേടിയവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹ വെബ്‌സൈറ്റുവഴി സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹാലോചന നടത്തുകയുമാണ് ഇയാളുടെ രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വഴി ഇവരുമായി കൂടുതല്‍ അടുക്കും.

ഭാര്യ മരിച്ചുപോയെന്നും ചെറിയ മകളുണ്ടെന്നും കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നുമൊക്കെ പറഞ്ഞ് സ്ത്രീകളുടെ അനുകമ്പ പിടിച്ചുപറ്റും. മകളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും. സ്ത്രീകളുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് വിവാഹാലോചന നടത്തുകയും കല്യാണത്തിനുള്ള ദിവസം നിശ്ചയിക്കുകയും ചെയ്യും. സ്ത്രീകളുടെയും കുടുംബത്തിന്റെയും വിശ്വാസം പിടിച്ചുപറ്റിയശേഷം ഇവരില്‍ നിന്ന് തന്ത്രപൂര്‍വം പണം കൈക്കലാക്കുകയാണ് രീതി. കല്യാണത്തിനുള്ള ഓഡിറ്റോറിയവും ഹോട്ടലും ബുക്ക് ചെയ്യാനും റിസോര്‍ട്ട് ബുക്ക് ചെയ്യാനുമെല്ലാം ആണ് പണം തട്ടുക. ഇതിനുശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. ഇരയായ സ്ത്രീകളിൽ ചിലരെ വിവാഹം കഴിച്ചശേഷമാണ് ഇയാള്‍ പണവുമായി രക്ഷപ്പെട്ടിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിലായി നിരവധി സ്ത്രീകളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ ഒരു വനിതാ ജഡ്ജിയും ഉള്‍പ്പെടുന്നതായി പോലീസ് പറയുന്നു. 2014-ല്‍ വിവാഹിതനായ പ്രതിക്ക് മൂന്ന് മക്കളുള്ളതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ഗുജറാത്തില്‍നിന്ന് ഡല്‍ഹിയിലെത്തിയ ഇയാളെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ക്രൈം ബ്രാഞ്ച് ഡിസിപി എസ്.കെ സെയിനിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

Tags:    

Similar News