പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസ്: ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം

Update: 2024-09-22 05:23 GMT

കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു മാസം തുടർച്ചയായി വൽസരവാക്കം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണു പൂനമല്ലി കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 10നു രാത്രി, ഷാക്കിറും റാഫിയും വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി.

മനോയുടെ മക്കളും സുഹൃത്തുക്കളും ചേർന്നു തന്നെ ആക്രമിച്ചതായി കൃപാകരൻ പൊലീസിൽ പരാതി നൽകി. ഇതോടെ, ഷാക്കിർ, റാഫി സുഹൃത്തുക്കളായ വിഘ്നേഷ്, ധർമൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കൾ ഒളിവിലായിരുന്നു. ഇതിനിടെ, വീട്ടിൽ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീലയും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

Tags:    

Similar News