വന്യജീവിശല്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനമേഖലയോടു ചേർന്നു ജീവിക്കുന്ന കർഷകജനതയാണു വന്യജീവിയാക്രമണത്തിന്‍റെ ഇരകൾ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ പുലി കയറിയതു ഭീകരാവസ്ഥ സൃഷ്ടിച്ചു. പ്രവൃത്തിസമയത്താണ് പുലി സ്കൂൾ വളപ്പിൽ കയറിയത്.
തിരുപ്പത്തൂർ കലക്ട്രേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മെട്രിക്കുലേഷന്‍ സ്കൂളിലാണു പുലി കയറിയത്. സ്കൂളില്‍ വളപ്പിലെത്തിയ പുലി ജീവനക്കാരനെ ആക്രമിച്ചു. പുലിയെ കണ്ടതോടെ വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടി. അതുകൊണ്ടു വൻ ദുരന്തമാണ് ഒഴിവായത്. പോലീസും ഫയർഫോഴ്സും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും അപ്പോൾ പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നാലെ രാത്രിയിൽ നടന്ന നാടകീയമായ ഓപ്പറേഷനിൽ പുലിയെ വനം വകുപ്പ് സംഘം സുരക്ഷിതമായി പിടികൂടി. ശനിയാഴ്ച പുലർച്ചെയാണ് പുള്ളിപ്പുലിയെ കയർ വല ഉപയോഗിച്ച് കാർ ഷെഡിൽ കുടുക്കി ശാന്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു. എവിടെ നിന്നാണ് പുലി ഇവിടെക്ക് എത്തിയതെന്നു വ്യക്തമല്ല. തിരുപ്പത്തൂരിനു ചുറ്റും സമൃദ്ധമായി ചന്ദനമരങ്ങൾ വളരുന്ന കുന്നുകളുണ്ട്. ഇവിടെനിന്നാവും പുലിയെത്തിയതെന്നു സംശയിക്കുന്നു.