കാട്ടിലെ വേട്ടക്കാരൻ നാട്ടിലെ കോഴിയെ പിടിച്ചു; വീഡിയോ കാണേണ്ടതുതന്നെ..!
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിലെ ജനവാസമേഖലയിൽ 29നു പുലർച്ചെ അഞ്ചിനാണു സംഭവം.
ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ പത്ത് അടിയിലേറെ ഉയരമുള്ള മതിലിൻറെ മുകളിൽ കോഴിയിരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നതു കാണാം. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുള്ളിപ്പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു മനസിലാക്കാം. മതിലിൻറെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു.
എന്നാൽ, ശത്രുവിൻറെ വരവു കണ്ട കോഴി മതിലിൻറെ മുകളിൽനിന്നു പറന്നുയരുന്നു. തുടർന്ന്, താഴേക്കു പറക്കുന്നു. ആ സമയം, മതിലിൻറെ മുകളിലെത്തിയ പുലി വീണ്ടും കോഴിയെ ലക്ഷ്യമിട്ടു താഴേക്കു ചാടുന്നു. തുടർന്ന്, കോഴിയെ കടിച്ചുപിടിച്ചു പുള്ളിപ്പുലി വീടിനു പുറത്തേക്കുള്ള വഴിയിലൂടെ പോകുന്നു.
സംഭവം, പ്രദേശത്തു ഭീതി പരത്തിയിരിക്കുകയാണ്. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ പരിഭ്രാന്തരാണ്. സോമയനൂർ വന്യമൃഗശല്യമുള്ള പ്രദേശമാണ്. നേരത്തെയും ഇവിടെ വന്യമൃഗശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#WATCH | Tamil Nadu: A leopard caught jumping and catching a hen on camera, in Coimbatore. pic.twitter.com/ZigYG6NxhJ
— ANI (@ANI) May 30, 2024