സൽമാൻ ഖാനെ വധിക്കാൻ ലോറൻസ് ബിഷ്‌ണോയ് സംഘം പദ്ധതിയിട്ടു; 4 പേർ അറസ്റ്റിൽ

Update: 2024-06-01 07:32 GMT

ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പൻവേലിൽവെച്ച് സൽമാന്റെ കാറിന് നേർക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി. പൻവേലിലാണ് സൽമാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനിൽനിന്ന് തോക്കുകളും വാങ്ങിയിരുന്നു.

സംഭവത്തിൽ നവി മുംബൈ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാംഹൗസിന് സമീപത്തുവെച്ച് കാർ നിർത്തിച്ച് എ.കെ. 47 തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കാനായിരുന്നു പദ്ധതി. ബിഷ്ണോയി സംഘത്തിലെ ഷൂട്ടർമാരായ ധനഞ്ജയ് താപ്സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാൻ, റിസ്വാൻ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവർ ഫാം ഹൗസിന് സമീപത്തും സൽമാന്റെ ഷൂട്ടിങ് ലൊക്കേഷൻ പരിസരത്തും നിരീക്ഷണം നടത്തിയെന്നാണ് വിവരം.

നിലവിൽ ജയിലിൽ കഴിയുന്ന ബിഷ്ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാളുടെ ബന്ധു അൻമോൽ ബിഷ്ണോയിയും ചേർന്ന് പാകിസ്താനി ആയുധ ഇടപാടുകാരനിൽനിന്ന് തോക്കുകൾ വാങ്ങിയെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. എ.കെ. 47 ഉൾപ്പെടെയുള്ളവയാണ് വാങ്ങിയത്. സൽമാന്റെ വാഹനത്തിനു നേർക്കോ അല്ലെങ്കിൽ ഫാം ഹൗസിന് നേർക്കോ ആക്രമണം നടത്താനായിരുന്നു പദ്ധതി.

Tags:    

Similar News