'മാതാപിതാക്കൾക്ക് മാന്യമായ ജീവിതം നൽകുന്നതും മക്കളുടെ ബാധ്യത'; മദ്രാസ് ഹൈക്കോടതി

Update: 2023-09-10 05:53 GMT

ഭക്ഷണവും പാർപ്പിടവും മാത്രമല്ല, സുരക്ഷിതത്വത്തോടെയും അന്തസ്സോടെയും സാധാരണ ജീവിതം നയിക്കാൻ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് മദ്രാസ് ഹൈക്കോടതി. അമ്മയെ പരിപാലിക്കാത്ത മകന്റെ സ്വത്ത് രേഖ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

മാതാപിതാക്കളെ പരിപാലിക്കേണ്ടതും അവർക്ക് സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും മക്കളുടെ ബാധ്യതയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം ഉത്തരവിൽ പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ജീവനും അന്തസും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാറിന്റെ ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണമെന്നും ജഡ്ജി ഓർമിപ്പിച്ചു. വയോജന നിയമപ്രകാരം, ഇത്തരം പൗരന്മാരുടെ ജീവനും സ്വത്തും ഉറപ്പാക്കേണ്ടത് ജില്ലാ കലക്ടറുടെ കടമയാണെന്ന് ചൂണ്ടിക്കാട്ടി.

സഹോദരങ്ങൾക്ക് തുല്യവിഹിതം നൽകാമെന്നും പിതാവിനും മാതാവിനും ജീവനാംശം നൽകാമെന്നും പറഞ്ഞ് മാതാവിന്റെ സ്വത്ത് സ്വന്തമാക്കിയ മകന്റെ സ്വത്തവകാശം തിരുപ്പൂർ ആർ.ഡി.ഒ റദ്ദാക്കിയിരുന്നു. മകൻ വാക്കു പാലിക്കാത്തിനെ തുടർന്നാണ് തിരൂപ്പൂർ സ്വദേശിനിയായ സക്കീറ ബീഗം ആർ.ഡി.ഒയെ സമീപിച്ചത്. ആർഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂർ സ്വദേശി മുഹമ്മദ് ദയാൻ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Similar News