തിരുപ്പതി ലഡു വിവാദം: നടൻ കാർത്തിക്ക് താക്കീതുമായി പവൻ കല്യാൺ; മാപ്പ് പറഞ്ഞ് താരം

Update: 2024-09-24 11:50 GMT

നടൻ കാർത്തിക്ക് താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ലഡുവിനെ പരിഹസിക്കരുതെന്നും സനാതന ധർമത്തിന്റെ കാര്യം വരുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നും പവൻ കല്യാൺ താക്കീത് ചെയ്തു.

'മെയ്യഴകൻ' സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ഇവന്റിനിടെയാണ് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നത്. അതിനു മറുപടിയായി കാർത്തി തമാശ രൂപേണ വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത്. 'നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്.' എന്നായിരുന്നു കാർത്തിയുടെ മറുപടി.

'നിങ്ങൾ ഒരിക്കലും അങ്ങനെ പറയരുത്. അത് പറയാൻ ധൈര്യപ്പെടരുത്. ഒരു നടനെന്ന നിലയിൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ സനാതന ധർമ്മത്തിന്റെ കാര്യം പറയുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണം.' കാർത്തിക്ക് താക്കീതെന്ന രീതിയിൽ പവൻ കല്യാൺ പറഞ്ഞു.

ഇതോടെ പവൻകല്യാണിന്റെ ആരാധകരും കാർത്തിക്കു നേരെ തിരിഞ്ഞു. സംഭവം വലിയ വിവാദമായി മാറിയതോടെ പവൻ കല്യാണിനോട് മാപ്പ് പറഞ്ഞ് കാർത്തി എത്തി.

'പ്രിയ പവൻ കല്യാൺ സാർ, നിങ്ങളോട് അത്യധികം ആദരവോടെ ഞാൻ ക്ഷമ ചോദിക്കുന്നു. മോശമായി ഒന്നും ഉദ്ദേശിക്കാതെ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിഎങ്കിൽ എന്നോട് ക്ഷമിക്കുക. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു. ആശംസകളോടെ കാർത്തി.'-നടൻ ട്വീറ്റ് ചെയ്തു.

Tags:    

Similar News