'ശത്രുവിനെ സഹായിച്ചാൽ പരസ്പര സഹകരണം പ്രയാസമായിരിക്കും'; ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

Update: 2024-08-09 05:53 GMT

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബി.എൻ.പി) രംഗത്ത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്നനേതാവ് ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബംഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. എന്നാൽ, തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് ബംഗ്ലാദേശ് മുൻ വിദേശകാര്യമന്ത്രി സൂചിപ്പിച്ചിരുന്നു.

'ഹസീനയുടെ ബാധ്യതകളുടെ ഭാരമാണ് ഇന്ത്യ വഹിക്കുന്നത്. ഇന്ത്യക്കാരും ബംഗ്ലാദേശികളും നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നതിന് പകരം എന്തിനാണ് ഒരു പാർട്ടിയെ മാത്രം പിന്തുണക്കുന്നത്. ബി.എൻ.പി ഹിന്ദുവിരുദ്ധരാണെന്ന് ഒരു ധാരണയുണ്ട്. എന്നാൽ, വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരും വിവിധ സമുദായങ്ങളിൽപ്പെട്ടവരും ബി.എൻ.പിയുടെ ഭാഗമാണ്. എല്ലാ സമുദായങ്ങളുടെ അവകാശങ്ങളും ഉയർത്തിപ്പിടിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കുന്നതിൽ പാകിസ്താനും പങ്കുണ്ടെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. പാകിസ്താനെ അനുകൂലിക്കുന്ന ബി.എൻ.പി. സർക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചുവെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത് എന്നാണ് പുറത്തുവന്ന വിവരം.

Tags:    

Similar News