കൂറുമാറ്റം തടയാൻ ബില്ല് പാസാക്കി ഹിമാചൽ സർക്കാർ; പെൻഷൻ ഉൾപ്പെടെ നഷ്ടപ്പെടും

Update: 2024-09-05 01:19 GMT

എം.എൽ.എമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമാണവുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവർക്ക് ഇനി പെൻഷന് അർഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ അവതരിപ്പിച്ച ബിൽ പാസായി.

കൂറുമാറിയ എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. 'ഹിമാചൽ പ്രദേശ് നിയമസഭ(അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ 2024' എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് സഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു.

ബജറ്റ് അവതരണവേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്ന ആറ് കോൺഗ്രസ് എം.എൽ.എമാരെ ഈ വർഷം ഫെബ്രുവരിയിൽ ആയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ആറുപേരും ഉപതിരഞ്ഞെടുപ്പിൽ പിന്നീട് മത്സരിച്ചെങ്കിലും രണ്ടുപേർക്ക് മാത്രമേ വിജയിച്ച് സഭയിലേക്ക് തിരിച്ചെത്താനായുള്ളു.

Tags:    

Similar News