ജുലാനയില്‍ ലീഡ് തിരിച്ചുപിടിച്ച് വിനേഷ് ഫോഗട്ട്

Update: 2024-10-08 04:00 GMT

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് വീണ്ടും മുന്നില്‍. തുടക്കത്തില്‍ മുന്നിലായിരുന്ന വിനേഷ് പിന്നീട് പിന്നിലായി. കടുത്ത മത്സരത്തിന് പിന്നാലെ ഇപ്പോള്‍ 4130 വോട്ടിനാണ് വിനേഷ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. എഎപിയുടെ കവിത റാണി നാലാം സ്ഥാനത്താണ്. ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട്‌ ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് ജുലാന.

അതേസമയം ഹരിയാനയില്‍ ഹാട്രിക് വിജയത്തിലേക്ക് നീങ്ങുകയാണ് ബി.ജെപി. ആകെ 90 സീറ്റില്‍ അമ്പതിലേറെ സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി പാളയത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക് നീങ്ങുന്നു. 11 ലേറെ സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. ഇതിനിടയില്‍ ജയസാധ്യതയുള്ള വിമതരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്. സ്വതന്ത്രരെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കോണ്‍ഫ്രന്‍സും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ സജീവമായിരുന്നു.

ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ്ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുകയാണ്. സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ് യൂസുഫ് തരിഗാമി മുന്നിലാണ്.

Similar News