ഗുലാം നബി ആസാദിന് വീണ്ടും തിരിച്ചടി; 21 നേതാക്കൾ കൂടി കോൺഗ്രസിലേക്ക് മടങ്ങിയെത്തി
ഗുലാം നബി ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയിൽ നിന്ന് 20 നേതാക്കൾ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നത്. ജമ്മു കശ്മീരിൽ 'ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഗുലാം നബി ആസാദ് നടത്തിയ പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ എതിർക്കുന്നവർ ഭൂമിയിലെ സാഹചര്യത്തെക്കുറിച്ച് അറിയാത്തവരാണെന്നായിരുന്നു ആസാദിന്റെ പ്രസ്താവന.
ആസാദിന്റെ ഡിഎൻഎയിൽ വ്യത്യാസം വന്നതായി കോൺഗ്രസ് വിമർശിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലിനെതിരെ രാജ്യസഭയിൽ പ്രതിഷേധത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയ ഒരാളിൽ നിന്നാണ് ഇത്തരമൊരു അഭിപ്രായം വന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എംപി സ്ഥാനം ഇല്ലാതായിട്ടും ദില്ലിയിലെ ബംഗ്ലാവിൽ തുടരാൻ അദ്ദേഹത്തിന് അനുമതി നൽകിയതിനെ അദ്ദേഹത്തിന് ന്യായീകരിക്കേണ്ടതുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ഗുലാം നബി ആസാദിന് വേണ്ടി എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തവരുൾപ്പെടെ 21 ജമ്മു കശ്മീർ നേതാക്കൾ കോൺഗ്രസിൽ ചേർന്നെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ മന്ത്രിയായിരുന്ന യശ്പാൽ കുണ്ഡൽ, ജെകെപിസിസി മുൻ വൈസ് പ്രസിഡന്റായിരുന്ന ഹാജി അബ്ദുൾ റഷീദ് ദാർ തുടങ്ങിയ പ്രമുഖരാണ് കോൺഗ്രസിൽ ചേർന്നത്. ജനുവരിയിൽ ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരുന്നു. കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ, എംഎൽമാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞിരുന്നു.