വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാൻ തർക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

Update: 2024-09-09 06:50 GMT

രാജസ്ഥാനിൽ വന്ദേഭാരത് എക്സ്പ്രസ് ആര് ഓടിക്കുമെന്ന തർക്കത്തെ തുടർന്ന് ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി. ഗംഗാപുർ സിറ്റി ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുതുതായി സർവീസ് ആരംഭിച്ച ആഗ്ര-ഉദയ്പുർ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തർക്കമാണ് അടിയിൽ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി.

ആഗ്ര റെയിൽവേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാൻ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. കാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരേയും പുറത്തേക്കിടുകയും മർദ്ദിക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വൈറലായ വീഡിയോ ദൃശ്യത്തിലുണ്ട്.

ആഗ്രയിൽനിന്നുള്ള ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് വന്ദേഭാരത് നിയന്ത്രിച്ചിരുന്നത്. ട്രെയിൻ ഗംഗാപുർ ജങ്ഷൻ സ്റ്റേഷനിലെത്തിയപ്പോൾ അവിടത്തെ ജീവനക്കാർ ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ട്രെയിൻ തങ്ങൾ ഓടിക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ ഇരുവരും വിസമ്മതിക്കുകയും കബിൻ അകത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രകോപിതരായ ഗംഗാപുർ സ്റ്റേഷനിലെ ജീവനക്കാർ അക്രമാസക്തരാകുകയായിരുന്നു. തുടർന്ന് കാബിനിന്റെ ചില്ലും വാതിലിന്റെ ലോക്കും തകർത്ത് ഇവർ അകത്തുകടന്നു. ഇതിന് ശേഷമാണ് രണ്ട് ലോക്കോ പൈലറ്റുമാരെയും പുറത്തേക്കിട്ട് മർദ്ദിച്ചത്.

Tags:    

Similar News