ചുമ്മാ ചാടിക്കേറി പോകാൻ പറ്റില്ല...; ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം

Update: 2024-04-30 11:28 GMT

മലയാളികൾ ഏറ്റവുമധികം സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയും കൊടൈക്കനാലും. രണ്ടും സുഖവാസകേന്ദ്രങ്ങൾ. എന്തൊക്കെ കാണാനുണ്ടെങ്കിലും സുഖശീതളമായ കാലാവസ്ഥയാണ് എല്ലാവരെയും ആകർഷിക്കുന്നത്. എന്നാലിനി ചാടിക്കയറി ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ കഴിയില്ല. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്കുനിയന്ത്രിക്കാൻ ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി.

മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് മുഖേന മാത്രമായിരിക്കും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി പരസ്യം നൽകണമെന്നും നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്കു കോടതി നിർദ്ദേശം നൽകി. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകൽ മാത്രമാണോ യാത്ര അതോ രാത്രി തങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും കോടതി കളക്ടർമാർക്കു നിർദേശം നൽകി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം. രണ്ടിടങ്ങളിലേക്കും ഒരു ദിവസമെത്തുന്ന വാഹനങ്ങളുടെ കണക്കുകൾ ഭയാനകമാണെന്നു കോടതി പറഞ്ഞു. ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000ലേറെ വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്. ഇതു ജനജീവിതത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News