തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ; വായിച്ച് സ്പീക്കർ

Update: 2024-02-12 10:16 GMT

തമിഴ്‌നാട് നിയമസഭയിൽ ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചു. പിന്നാലെ ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിൻറെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനിൽക്കാതെയാണ് ഗവർണർ സഭ വിട്ടത്.

നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവർണർ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിൻറെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻറെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ദുരൈ മുരുകൻ ഗവർണറുടെ പരാമർശം രേഖപ്പെടുത്തരുതെന്ന പ്രമേയം അവതരിപ്പിച്ചു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കുന്ന പാരമ്പര്യമാണ് തമിഴ്നാട് നിയമസഭ പിന്തുടരുന്നതെന്ന് ഗവർണറുടെ വിമർശനത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയിൽ പങ്കുവെക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസം അനുവദിക്കാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Tags:    

Similar News