പൂനെ പോർഷെ കാർ അപകടം; രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് ലഭിച്ചത് മൂന്ന് ലക്ഷം

Update: 2024-05-28 06:23 GMT

പൂനെ പോർഷെ കാർ അപകടത്തിൽ പ്രതിയായ 17കാരന്റെ രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് കൈക്കൂലിയായി ലഭിച്ചത് മൂന്ന് ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. ഡോക്ടർമാർക്ക് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ച പ്യൂൺ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. രക്ത പരിശോധനാ റിപ്പോർട്ടിൽ കൃത്രിമത്വം നടത്തിയ ഡോക്ടർമാരായ അജയ് തവാഡെ, ഹരി ഹാർണോർ എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പൂനെ സസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണിവർ.

യഥാർത്ഥ സാമ്പിൾ ചവറ്റുകുട്ടയിലിട്ടു. പകരം മറ്റൊരു സാമ്പിളാണ് ഫോറൻസിക് പരിശോധനയ്ക്കയച്ചത്. പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ലെന്ന് ഇവർ തെറ്റായ റിപ്പോർട്ട് നൽകുകയും ചെയ്തു. ഡി എൻ എ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. അതുൽ ഖാട്ട്കാംബ്‌ളെ എന്ന പ്യൂൺ ആണ് 17കാരന്റെ കുടുംബത്തിൽ നിന്ന് കൈക്കൂലി വാങ്ങി ഡോക്ടർമാർക്ക് നൽകിയത്. സാണൂനിലെ ഫോറൻസിക് ലാബ് തലവനാണ് ഡോ. തവാഡെ. അറസ്റ്റിന് പിന്നാലെ രണ്ട് ഡോക്ടർമാരുടെയും ഫോണുകൾ പിടിച്ചെടുത്തു. അപകടം നടന്ന ദിവസം ഡോ. തവാഡെയും 17കാരന്റെ പിതാവും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തെ 17കാരന്റെ രക്ത പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഫലം പുറത്തുവന്നത്. എന്നാൽ വിദ്യാർത്ഥി സുഹൃത്തുക്കളുമൊത്ത് ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൃത്യമായ ഫലം ലഭിക്കുന്നതിനായി വെവ്വേറെ സ്ഥലങ്ങളിൽ കുട്ടിയുടെ രക്ത പരിശോധന നടത്തിയതായി പൂനെ പൊലീസ് കമ്മിഷണറും വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പരിശോധനയിൽ നെഗറ്റീവും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ടുമാണ് ലഭിച്ചത്. റിപ്പോർട്ടുകളിൽ സംശയമുയർന്നതിനെത്തുടർന്ന് ഡിഎൻഎ പരിശോധന നടത്തി. ഡിഎൻഎ പരിശോധനാ ഫലത്തിൽ രണ്ട് സാമ്പിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിയുകയായിരുന്നു. ഇതാണ് പരിശോധനാ ഫലത്തിൽ കൃത്രിമം നടന്നതായി പൊലീസ് സ്ഥിരീകരിക്കാൻ കാരണമായത്. രണ്ടരക്കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ മേയ് 19ന് അപകടമുണ്ടാക്കിയത്. 24 വയസ് മാത്രമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.

Tags:    

Similar News