എന്തൊരു മോഷണം..! അപകടത്തിൽപ്പെട്ട ട്രക്കിൽനിന്ന് ലക്ഷങ്ങളുടെ നെയ്യ് അടിച്ചുമാറ്റി നാട്ടുകാർ
അപകടത്തിൽപ്പെട്ട ട്രക്കിൽനിന്നു നാട്ടുകാർ ലക്ഷങ്ങളുടെ നെയ്യ് പായ്ക്കറ്റുകൾ മോഷ്ടിച്ച സംഭവം വൻ വാർത്തയായി. മോഷണദൃശ്യങ്ങൾ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉത്തർപ്രദേശ് ഝാൻസിയിലെ റോയൽ സിറ്റി കോളനിക്കു സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹൈവേയിൽ 19നു വൈകുന്നേരമാണു അപകടം.
നെയ്യ് കയറ്റിവന്ന ട്രക്ക് വാഹന പരിശോധനയ്ക്കായി ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് തകർന്ന് റോഡിലേക്കു ചിതറിവീണ പായ്ക്കറ്റുകളിൽ അടങ്ങിയിരിക്കുന്നതു നെയ്യ് ആണെന്നു മനസിലാക്കിയ നാട്ടുകാർ വൻ കൊള്ളയാണു നടത്തിയത്. സംഭവമറിഞ്ഞു സമീപപ്രദേശങ്ങളിൽനിന്നും ആളുകൾ ബൈക്കുമായെത്തി നെയ്യ് മോഷ്ടിച്ചുകൊണ്ടുപോയി. ചിലർ വലിയ ചാക്കുമായാണ് എത്തിയത്. ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ സ്ഥലത്തു സംഘർഷാവസ്ഥ ഉടലെടുത്തു.
സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും ലക്ഷങ്ങളുടെ നെയ്യ് പായ്ക്കറ്റുകൾ നാട്ടുകാർ കവർന്നിരുന്നു. കുറച്ചുപേരെ തടഞ്ഞുനിർത്തി പോലീസ് പായ്ക്കറ്റുകൾ തിരിച്ചുവയ്പ്പിച്ചു. അപ്പോഴേക്കും ലക്ഷങ്ങളുടെ നെയ്യ് പായ്ക്കറ്റുകൾ പ്രദേശവാസികൾ കടത്തിയിരുന്നു.