'നീതിക്കായി എല്ലായിടത്തും എത്തും': ഭാരത് ജോഡോ ന്യായ യാത്രയുടെ ഗാനം പുറത്തുവിട്ടു
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങൾ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. ഹിന്ദിയിൽ രചിച്ച ഗാനം, രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്.
കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്ന് ഊന്നിപറയുന്ന ഗാനത്തിൽ, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.
'ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും ഞങ്ങൾ മുട്ടും. ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ഇടവഴിയിലും എല്ലാ അയൽപക്കങ്ങളിലും പാർലമെന്റിലും മുട്ടും. കഷ്ടപ്പെടരുത്, പേടിക്കരുത്', എന്നാണ് പാട്ടിലെ വരികൾ. തൊഴിലിലായ്മ പോലെയുള്ള വിഷയങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഗാനത്തിൽ, പാവപ്പെട്ടവർക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടെന്നും ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ നശിച്ചെന്നും സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കാൻ അവർ കൊതിക്കുകയാണെന്നുമാണ് പറയുന്നത്.
ലൈംഗികാതിക്രമ ആരോപണത്തിൽ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധം, കോവിഡ് സമയത്ത് നടത്തിയ മൃതദേഹങ്ങളുടെ കൂട്ടസംസ്‌കാരം, പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്തതിനെതിരെ എംപിമാർ നടത്തിയ പ്രതിഷേധം എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപം തുടരുന്ന മണിപ്പൂരിലെ തൗബാലിൽ നിന്നും ഞായറാഴ്ചയാണ് ഭാരത് ജോഡോ ന്യായ യാത്ര തുടങ്ങുന്നത്.
हम पहुंचेंगे हर घर तक,
— Rahul Gandhi (@RahulGandhi) January 12, 2024
न्याय का हक़, मिलने तक!
गली, मोहल्ला, संसद तक
न्याय का हक़, मिलने तक!
सहो मत...डरो मत!#SahoMatDaroMat#NYAYanthem pic.twitter.com/yoA4FSeeOg