'സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരം, അംഗീകരിക്കാനാവാത്തത്'; കോൺഗ്രസ് നേതൃത്വം

Update: 2024-05-08 10:45 GMT

ഇന്ത്യക്കാരുടെ രൂപസാദൃശ്യത്തെ സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്താവനയെ തള്ളി കോൺഗ്രസ് തേതൃത്വം. പ്രസ്താവന ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെപോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ദക്ഷിണേന്ത്യക്കാർ അഫ്രിക്കയിലുള്ളവരെ പോലെയും വടക്കുള്ളവർ ബ്രിട്ടീഷുകാരേപ്പോലെയും ആണെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്.

ഇന്ത്യയിലെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടാൻ സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നു, ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

പ്രസ്താനവയ്ക്കെതിരേ ബി.ജെ.പി രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തുവന്നത്. കഴിഞ്ഞദിവസം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ആളുകളുടെ രൂപസാദൃശ്യത്തെ മുൻനിർത്തി രാജ്യത്തിൻറെ വൈവിധ്യത്തേക്കുറിച്ച് പറഞ്ഞത്.

ഇന്ത്യപോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താം. കിഴക്കുള്ള ജനങ്ങൾ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളെപോലെയും തോന്നിക്കുന്നു. ഉത്തരേന്ത്യയിലുള്ളവർ ചിലപ്പോൾ വെള്ളക്കാരെപോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കയിലുള്ളവരെപ്പോലെയുമാണ്. അത് വിഷയമല്ലെന്നും എല്ലാവരും സഹോദരീ സഹോദരൻമാരാണെന്നുമാണ് പിത്രോദ പറഞ്ഞത്.

Tags:    

Similar News