പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

Update: 2024-06-26 12:08 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ജനപ്രതിനിധികള്‍ക്കെതിരായ പരാതികൾ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തില്ല.

കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്ന് മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകും. അവരുടെ പ്രകടന പത്രികയിൽ അങ്ങനെയാണ് പറയുന്നത്. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിക്കുകയുണ്ടായി. എന്നാൽ തന്‍റെ പരാമര്‍ശം മുസ്‍ലിങ്ങളെ ഉദ്ദേശിച്ചല്ലെന്ന് പിന്നീട് മോദി വിശദീകരിച്ചു. ഹിന്ദു - മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Tags:    

Similar News