ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളില്‍ നിയമനം നടത്താന്‍ ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് സിക്ക് ( യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) കത്തയച്ചു. ലാറ്ററല്‍ എന്‍ട്രി റൂട്ട് വഴി കേന്ദ്രസര്‍ക്കാരിലെ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത് അനുസരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യുപിഎസ് സിക്ക് കത്തയച്ചത്.
സംവരണ തത്വങ്ങള്‍ പാലിക്കാതെ 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളില്‍ അടക്കം 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെയും എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി എന്നിവയുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. സംവരണ തത്വങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരസ്യം പിന്‍വലിക്കാന്‍ ജിതേന്ദ്രസിങ് യുപിഎസ് സിയോട് ആവശ്യപ്പെട്ടത്.
സീനിയര്‍ തലങ്ങളിലെ അടക്കം തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് പരമ്പരാഗത സര്‍ക്കാര്‍ സര്‍വീസ് കേഡറിന് പുറത്തുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ലാറ്ററല്‍ എന്‍ട്രിയെ ആശ്രയിക്കുന്നത്. 2017ല്‍ നീതീ ആയോഗ് ആണ് ലാറ്ററല്‍ എന്‍ട്രി വഴി ഉന്നത തസ്തികകളില്‍ നിയമനം നടത്തണമെന്ന ശുപാര്‍ശ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് ലാറ്ററല്‍ എന്‍ട്രി പ്രക്രിയ ഔപചാരികമായി അവതരിപ്പിച്ചത്. ആദ്യ സെറ്റ് ഒഴിവുകള്‍ 2018-ല്‍ പ്രഖ്യാപിച്ചു. അതുവരെ, കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഓള്‍ ഇന്ത്യ സര്‍വീസസ്/ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് എന്നിവയില്‍ നിന്നുള്ള ബ്യൂറോക്രാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.