പ്രധാനമന്ത്രി പഠിച്ച സ്കൂളും ഗ്രാമവും സന്ദർശിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഏഴ് ദിവസം നീളുന്ന 'പ്രേരണ' പദ്ധതിയുടെ രജിസ്ട്രേഷൻ തുടങ്ങി

Update: 2024-01-09 13:24 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂളും ​ഗ്രാമവും സന്ദർശിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രേരണയെന്നാണ് പദ്ധതിയുടെ പേര്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചത്. ഏഴ് ദിവസം നീളുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്കാണ് അവസരം. രാജ്യത്തെ 750 ജില്ലകളിൽ നിന്നായി രണ്ട് വിദ്യാർഥികൾ വീതം നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വടന​ഗർ ജില്ലയിലേക്ക് യാത്ര ചെയ്യാം.

വിവിധ ഘട്ടങ്ങളിലായി ഒരു ജില്ലയിൽ നിന്ന് രണ്ട് കുട്ടികളെയാണ് തെരഞ്ഞെടുക്കുക. മൂന്ന് ഘട്ടങ്ങളായാണ് കുട്ടികളെ തെരഞ്ഞെടുക്കുക. വെബ്സൈറ്റിൽ നൽകുന്ന രജിസ്ട്രേഷനിൽ നിന്ന് വ്യക്തി വിവ​രങ്ങളും നേട്ടങ്ങളും പരി​ഗണിച്ച് 200 പേരെ ഓരോ ജില്ലയിൽ നിന്നും ആദ്യം തെരഞ്ഞെടുക്കും. 100 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തെരഞ്ഞെടുക്കുക. ഇവർക്കായി പ്രേരണ ഉത്സവ് സംഘടിപ്പിക്കും.

ഇവിടെ നടത്തുന്ന ടാലന്റ് ഹണ്ടിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുക്കും. ഈ മുപ്പത് പേരിൽ നിന്ന് അഭിമുഖത്തിലൂടെ രണ്ടുപേരെ തെരഞ്ഞെടുക്കും. 1888ൽ സ്ഥാപിച്ച വട​ന​ഗർ കുമാർശാല നമ്പർ 1 സ്കൂളിലാണ് മോദി പഠിച്ചത്. 1965ലാണ് മോദി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നത്. 2018ൽ സ്കൂൾ ആർക്കിയോളജിക്കൽ സർവേ ഏറ്റെടുത്തു. അതിന് ശേഷം പ്രേരണ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. 

Tags:    

Similar News