പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ (96) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
ഇന്ത്യൻ കൺസ്യൂമർ ഉൽപന്നങ്ങളിൽ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി.പി.ജി. നമ്പ്യാർ സ്ഥാപിച്ച ബിപിഎൽ. 1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്. പ്രതിരോധ സേനാ സാമഗ്രികളായിരുന്നു ആദ്യം നിർമ്മിച്ചത്. തുടർന്ന് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്നു. 1990കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് രംഗത്ത് മുടിചൂടാ മന്നരായി നിലകൊണ്ടു. അക്കാലത്തെ ടി വി, ഫോൺ മേഖലകളിലെ ആധിപത്യം ബി പി എൽ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുൻ നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ 1991ൽ ടി പി ജി നമ്പ്യാരുടെ മകൾ അഞ്ജുവിനെ വിവാഹം കഴിച്ചതോടെ അദ്ദേഹം ബി പി എൽ എക്‌സിക്യുട്ടീവ് ഡയറകടറായി. മൊബൈൽ നിർമ്മാണ രംഗത്ത് ബിപിഎൽ കൊണ്ടുവന്ന വിപ്‌ളവം വേറിട്ടതായിരുന്നു.