അയോധ്യ തീർഥാടനത്തിനായി 36 ട്രെയിനുകൾ; രാമക്ഷേത്രം തുറന്നാൽ സർവീസുകൾ നടത്താനൊരുങ്ങി മുംബൈ ബിജെപി

Update: 2023-11-17 06:39 GMT

രാമക്ഷേത്രം തുറക്കുന്നതിനു പിന്നാലെ അയോധ്യയിലേക്കു ട്രെയിൻ സർവീസുകൾ നടത്താനൊരുങ്ങി മഹാരാഷ്ട്രയിലെ ബിജെപി യൂണിറ്റ്. ജനുവരി 22നാണ് അയോധ്യയിൽ പ്രതിഷ്ഠാദിനം. മുംബൈ നഗരത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിൽനിന്നുമായി 36 ട്രെയിനുകളാണു അയോധ്യ തീർഥാടനത്തിനായി പുറപ്പെടുക. 

ജനുവരി 24നുശേഷം അയോധ്യയിലേക്കു ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും സമയക്രമം വൈകാതെ പ്രഖ്യാപിക്കുമെന്നും ബിജെപി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷേലാർ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ നേരിട്ടു കണ്ടാണു പ്രാദേശിക നേതൃത്വം റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു പാർട്ടി വ്യക്തമാക്കി.

പ്രതിഷ്ഠാ ദിനത്തിൽ താൽക്കാലിക ക്ഷേത്രത്തിൽനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കു കാൽനടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്നാണു സൂചന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിക്കും. 

 

Tags:    

Similar News