സൽമാനെ വധിക്കാൻ റിക്രൂട്ട് ചെയ്തത് 18 വയസിൽ താഴെയുള്ള ആൺകുട്ടികളെ; നടന്നത് വൻആസൂത്രണം, കുറ്റപത്രം സമർപ്പിച്ചു

Update: 2024-07-02 06:50 GMT

ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ഏപ്രിൽ 14-ന് നടന്റെ വീടിന് മുന്നിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ്.

ഏപ്രിൽ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് വെടിയുതിർത്തത്. ഇതിനുപിന്നാലെയാണ് ലോറൻസ് ബിഷ്ണോയിയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടർന്ന് കേസിലെ പ്രതികളെ നവിമുംബൈ പോലീസ് പിടികൂടുകയായിരുന്നു.

നടനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയ്ക്കാണ് ബിഷ്ണോയി സംഘം പ്രതികളുമായി കരാർ ഉറപ്പിച്ചിരുന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മാസങ്ങൾക്ക് മുൻപേ പ്രതികൾ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. 2023 ഓഗസ്റ്റ് മുതൽ വിവിധഘട്ടങ്ങളായി നടത്തിയ ആസൂത്രണമാണ് ഈ വർഷം ഏപ്രിലിൽ നടന്ന വെടിവെപ്പിൽ കലാശിച്ചത്. ആക്രമണത്തിനായി പാകിസ്താനിൽനിന്നടക്കം ആയുധങ്ങൾ സ്വന്തമാക്കി. എകെ 47 തോക്കുകളും നേരത്തെ പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തുർക്കിഷ് നിർമിത സിഗാന തോക്കും ഉൾപ്പെടെയുള്ളവ പ്രതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

ആയുധങ്ങൾ ശേഖരിക്കുന്നതിനൊപ്പം സൽമാൻ ഖാനെ നിരീക്ഷിക്കാനായി വൻസംഘത്തെയും പ്രതികൾ ഏർപ്പാടാക്കിയിരുന്നു. ഏകദേശം 70-ഓളം പേരെയാണ് നടന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. നടന്റെ മുംബൈ ബാന്ദ്രയിലെ വീട്, പൻവേലിലെ ഫാംഹൗസ്, കൊറെഗാവിലെ ഫിലിം സിറ്റി എന്നിവിടങ്ങളെല്ലാം പ്രതികളുടെ നിരീക്ഷണവലയത്തിലായിരുന്നു. നടനെ വധിക്കാനായി 18 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് സംഘം റിക്രൂട്ട് ചെയ്തിരുന്നത്. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ട ഗോൾഡി ബ്രാർ, അൻമോൾ ബിഷ്ണോയി തുടങ്ങിയവരുടെ നിർദേശങ്ങൾക്കനുസരിച്ച് ആക്രമണം നടത്താനായാണ് ഇവർ കാത്തിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.

Tags:    

Similar News