തസ്ക്കര ടെക്കി; തക്കാളി കൃഷിയിൽ നഷ്ടം; ലോൺ അടയ്ക്കാൻ ഓഫീസിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച് ടെക്കി
ബാങ്ക് വായ്പയെടുത്തു തക്കാളി കൃഷി നടത്തി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ. കർണാടകയിലാണു സംഭവം. ഹൊസൂർ സ്വദേശി മുരുകേഷ് ആണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവാവിനു പറയാനുണ്ടായിരുന്നത് കണ്ണീർക്കഥകളാണ്. ഹൊസൂരിലെ ആറേക്കർ സ്ഥലത്താണ് മുരുകേഷ് തക്കാളി കൃഷി നടത്തിയത്. വിളനാശത്തെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയായിരുന്നു. കൃഷിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പതനം നേരിട്ടതോടെ മുരുകേഷ് വലിയ പ്രതിസന്ധിയിലായി.
ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയച്ചതോടെ പണം അടയ്ക്കാനായി ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. 57 ലാപ്ടോപ്പുകളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന ഇയാൾ ഓഫീസിൽ നിന്ന് മോഷ്ടിച്ചത്. ഫെബ്രുവരി മുതലാണു ലാപ്ടോപ്പുകൾ മോഷ്ടിച്ചുതുടങ്ങിയത്. കഴിഞ്ഞ മാസം അവസാനത്തോടെ മുരുകേഷ് കമ്പനിയിൽനിന്നു രാജിവയ്ക്കുകയും ചെയ്തു.
ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസിലാക്കിയത്. തുടർന്ന് സിസിടിവികൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മുൻ ജീവനക്കാരനായിരുന്നുവെന്നു മനസിലായത്. പിടിയിലാകുമ്പോഴേക്കും 45 ലാപ്ടോപ്പുകൾ ഹൊസൂരിലെ കടയിൽ വിറ്റിരുന്നു. ഇതിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന 50 ലാപ്ടോപ്പുകൾ പോലീസ് കണ്ടെടുത്തു.