കൊന്നത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്; മകനെ കൊല്ലാൻ ഉദ്ദേശിച്ചില്ലെന്ന് മൊഴി

Update: 2024-01-10 09:18 GMT

ഗോവയിലെ ഹോട്ടലിൽ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്. തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പായ 'മൈൻഡ്ഫുൾ എ.ഐ. ലാബി'ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടൽമുറിയിൽവെച്ച് കൊലപ്പെടുത്തിയത്. 

കുഞ്ഞിന്റെ മുഖവും നെഞ്ചും ചീർത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കുഞ്ഞിന്റെ മൂക്കിൽനിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി. അതിനിടെ, കുഞ്ഞിനെ കൊല്ലാൻ ഒരിക്കലും താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി സുചന സേത്ത് പോലീസിന് നൽകിയ മൊഴി. മകനെ അത്രത്തോളം സ്നേഹിച്ചിരുന്നു. പക്ഷേ, അവൻ പെട്ടെന്ന് മരിച്ചുപോയി. മകൻ മരിച്ചതിന് പിന്നാലെ താൻ ഭയന്നുപോയെന്നും മകന്റെ മൃതദേഹത്തിന് സമീപം ഏറെനേരം ഇരുന്നതായും സുചന സേത്ത് പറഞ്ഞു. ഇതിനുശേഷമാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ദാമ്പത്യപ്രശ്നങ്ങൾ കാരണം സുചനയും മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനും വിവാഹമോചനക്കേസ് ഫയൽചെയ്തിരുന്നു. കേസിന്റെ നടപടികൾ അവസാനഘട്ടത്തിലിരിക്കെയാണ് സുചന നാലുവയസ്സുള്ള മകനെ അതിദാരുണമായി കൊലപ്പെടുത്തിയത്. എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. മകനെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച തന്നെ ഗോവയിൽ എത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് കടന്ന യുവതിയെ ചിത്രദുർഗയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.bangalore woman ceo killed her son more update

Tags:    

Similar News