ഷോക്കേറ്റ കുട്ടി ബോധരഹിതനായി; വിജയവാഡയിൽ നടുറോഡിൽ വച്ച് സിപിആർ നൽകി ഡോക്ടർ

Update: 2024-05-19 07:33 GMT

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഷോക്കേറ്റ് ബോധരഹിതനായ ആറുവയസുകാരനെ നടുറോഡിൽ വച്ച് രക്ഷിച്ച് ഡോക്ടർ. മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ഡോക്ടർ ഉടൻ തന്നെ റോഡിൽ വച്ച് കുട്ടിക്ക് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ജീവൻ രക്ഷിക്കുകയായിരുന്നു.

അഞ്ച് മിനിറ്റോളം സിപിആർ നൽകിയതിന് പിന്നാലെ കുട്ടിയ്ക്ക് ബോധം വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ വനിതാ ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ കൈവച്ച് ശക്തമായി അമർത്തുന്നതും മറ്റുള്ളവർ സഹായിക്കുന്നതും കാണാം.

'മാതാപിതാക്കൾ ബോധരഹിതനായ കുട്ടിയെയും കൊണ്ട് പോകുന്നത് റോഡിലുണ്ടായിരുന്ന ഒരു ഡോക്ടർ കണ്ടു. ഉടൻ തന്നെ അവർ കുട്ടിയെ പരിശോധിക്കുകയും സിപിആർ നൽകുകയും ചെയ്തു. അഞ്ച് മിനിട്ടിന് ശേഷം കുട്ടിക്ക് ബോധം വന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി' - എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Tags:    

Similar News