'വിദേശത്ത് ഇന്ത്യാ വിരുദ്ധപരാമർശങ്ങൾ നടത്തുന്നു'; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അമിത് ഷാ
രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ശീലമാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.
യു.എസ്. സന്ദർശനത്തിനിടെ രാഹുൽ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയിൽ യു.എസ്. സന്ദർശനവേളയിൽ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്‌സ് പ്ലാറ്റ് ഫോമിൽ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി രാജ്യവികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമർശങ്ങളാണ് നടത്തുന്നതെന്ന് അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേർതിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ വിഭജന ചിന്തയെയാണ് കാണിക്കുന്നതെന്നും അമിത് ഷാ കുറിച്ചു.
ഇന്ത്യ അടിസ്ഥാനപരമായി കൂട്ടിച്ചേർക്കലുകളും ഒന്നിപ്പിക്കലുമാണെന്നും എന്നാൽ, വ്യത്യസ്ത ധാരകളുടെ കൂട്ടായ്മയായി ഇന്ത്യയെ കാണുന്നതിനെ ആർ.എസ്.എസ്. തെറ്റിദ്ധരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുവെ രാഹുൽ പറഞ്ഞത്.