രാജ്യസഭയിൽ പരോക്ഷ പരിഹാസം; 'കോൺഗ്രസ് പുല്ലിന്റെ' അലർജി ചർച്ചയാക്കി കേന്ദ്രമന്ത്രി
കൂട്ടസസ്‌പെൻഷൻ കാരണം പ്രതിപക്ഷം ഇല്ലാത്ത രാജ്യസഭയിൽ കോൺഗ്രസിനെ പരോക്ഷമായി പരിഹസിക്കാൻ 'കോൺഗ്രസ് പുല്ലിന്റെ' അലർജി ചർച്ചയാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. പടർന്നുകയറി മറ്റു സസ്യങ്ങളുടെ വളർച്ചയെ അപകടത്തിലാക്കുന്ന അധിനിവേശ സസ്യമായ പാർത്തീനിയത്തെയാണ് 'കോൺഗ്രസ് പുല്ല്' എന്നു വിളിക്കുന്നത്.
വനത്തിലെ അധിനിവേശ സസ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടയിലാണു ഗോയൽ ഇടപെട്ടത്. കോൺഗ്രസ് പുല്ല് തനിക്ക് അലർജിയാണെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ കാരണം വ്യക്തമാക്കാമോയെന്നും ഗോയൽ ആവശ്യപ്പെട്ടു. 'കോൺഗ്രസ് പുല്ലിന്റെ' ശല്യം കൂടിയ സ്ഥലത്തു നിന്നാണ് (രാജസ്ഥാൻ) പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വരുന്നതെന്നും അദ്ദേഹം വ്യക്തിപരമായി മറുപടി നൽകുമെന്നും രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ പറഞ്ഞു. സഭയിൽ തന്നെ മറുപടി വേണമെന്ന് ഗോയൽ ആവർത്തിച്ചെങ്കിലും വ്യക്തിപരമായി മറുപടി നൽകാമെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞതോടെ ചർച്ച അവസാനിച്ചു.