എയിംസ് ആവശ്യപ്പെട്ട് പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം.പിമാർ. കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. അതേസമയം, കേരളത്തെ അവഗണിച്ചെന്ന ആരോപണം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, 'എയിംസ് വരും, വന്നിരിക്കും, പക്ഷേ കേരള സർക്കാർ കൃത്യമായി സ്ഥലം തരണം' എന്നായിരുന്നു മറുപടി നൽകിയത്. കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തരോട് 'അത് മതിയോ' എന്ന മറുചോദ്യമാണ് സുരേഷ് ഗോപി ചോദിച്ചത്.
നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ മന്ത്രി സുരേഷ്ഗോപി തയാറായിരുന്നില്ല. ബജറ്റിന് മുൻപ് എയിംസ് വരുമോ എന്ന ചോദ്യത്തിന്, ബജറ്റ് വരട്ടെ, ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്. എന്നാൽ ബജറ്റിൽ എയിംസ് തഴയപ്പെട്ടതോടെ പ്രതിരോധത്തിലായ മന്ത്രി മലക്കം മറിയുകയായിരുന്നു. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കോഴിക്കോട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയുടെ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരുന്നു. എയിംസ് കോഴിക്കോട്ട് കിനാലൂരിൽ യാഥാർഥ്യമാക്കുന്നതിന് ജനകീയ മുന്നേറ്റം വേണമെന്ന് കോഴിക്കോട്ട് നാലാം തവണയും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എം.കെ. രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി എയിംസിന് കിനാലൂരിനെ പിന്തള്ളുന്ന രീതിയിൽ നടത്തിയ പരാമർശമാണ് ജില്ലക്ക് എയിംസ് നഷ്ടപ്പെടുമോ എന്ന ആശങ്കക്കിടയാക്കിയത്. എയിംസ് കോഴിക്കോട്ട് വേണമെന്ന് പറയാൻ എം.കെ. രാഘവന് അവകാശമുണ്ടെന്നും അതുപോലെ തനിക്കും ചെറിയ അവകാശമുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എയിംസ് എവിടെ വേണമെന്നതിൽ 2016ൽ താൻ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അത് സംസ്ഥാന സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനെതിരേ എം.കെ. രാഘവൻ എം.പികൂടി രംഗത്ത് എത്തിയതോടെ വിവാദത്തിന് ചൂടുപിച്ചു. എയിംസ് എവിടെ കൊണ്ടുവരണമെന്നതിൽ സുരേഷ് ഗോപി സംസ്ഥാന സർക്കാറുമായി ആലോചന നടത്തണമെന്ന് എം.കെ. രാഘവൻ പറഞ്ഞു. എയിംസിനായി കിനാലൂരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കേന്ദ്രപ്രതിനിധികൾ സന്ദർശിച്ചിരുന്നു. അതിൽ അവർ സംതൃപ്തരാണ് എന്നാണ് തന്റെ അറിവ്. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എം.കെ. രാഘവൻ പറഞ്ഞു. കേരളത്തിൽ എയിംസ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള കേന്ദ്ര സർക്കാറിന്റെ വാഗ്ദാനമാണ്. തിരുവനന്തപുരം കാട്ടാക്കട, എറണാകുളത്ത നാലിടങ്ങളുമാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരളത്തിന്റെ ശിപാർശകളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസഹമന്ത്രി പർവിൻ പവാർ പാർലമെന്റ് അറിയിച്ചത്. കിനാലൂരിൽ 150 ഏക്കർ സ്ഥലമാണ് എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സമീപത്തായി 40.6 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.