യുവനടിയുടെ പീഡനപരാതി; ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് എം.ഡി.ക്കെതിരേ കേസെടുത്തു
യുവനടിയുടെ പീഡനപരാതിയിൽ ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സജ്ജൻ ജിൻഡാലിനെതിരേ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് ബാന്ദ്ര-കുർള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2022-ൽ ബാന്ദ്ര-കുർള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസിൽവെച്ച് സജ്ജൻ ജിൻഡാൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തിൽ നടി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ഇതേത്തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
2021 ഒക്ടോബറിൽ ദുബായിൽവെച്ചാണ് സജ്ജൻ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഐ.പി.എൽ. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വി.ഐ.പി. ബോക്സിൽവെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരിൽ പ്രഫുൽ പട്ടേൽ എം.പി.യുടെ മകന്റെ വിവാഹചടങ്ങിൽവെച്ചും പരസ്പരം കണ്ടുമുട്ടി. തുടർന്ന് മുംബൈയിൽവെച്ച് കണ്ടപ്പോൾ രണ്ടുപേരും പരസ്പരം മൊബൈൽനമ്പറുകൾ കൈമാറി. നടിയുടെ സഹോദരന് ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തിൽനിന്ന് വസ്തുവാങ്ങാൻ സജ്ജൻ ജിൻഡാൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് നമ്പറുകൾ കൈമാറിയതെന്നും നടിയുടെ പരാതിയിലുണ്ട്.
'ബേബി', 'ബേയ്ബ്' എന്നിങ്ങനെയാണ് ജിൻഡാൽ തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ആദ്യമായി ഒറ്റയ്ക്ക് കണ്ടപ്പോൾ അയാളുടെ ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇത് തനിക്ക് അലോസരമുണ്ടാക്കി. പിന്നാലെ പ്രതി കെട്ടിപ്പിടിക്കുകയും ശൃംഗരിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ അസ്വസ്ഥയാക്കി. വിവാഹിതനായിട്ടും മൊബൈൽ സന്ദേശങ്ങളിലൂടെ പ്രണയാതുരനായിട്ടാണ് പ്രതി സംസാരിച്ചത്. ചുംബിക്കാൻ ശ്രമിക്കുകയും ശാരീരികബന്ധത്തിലേർപ്പെടുന്നതിനെ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ, വിവാഹത്തിന് ശേഷമേ ഇതെല്ലാം സാധ്യമാകൂ എന്നുപറഞ്ഞ് താൻ ഇതിനെ എതിർത്തു.
2022 ജനുവരിയിൽ ഒരു യോഗത്തിൽ പങ്കെടുക്കാനായാണ് പരാതിക്കാരി കമ്പനിയുടെ ഹെഡ് ഓഫീസിലെത്തിയത്. ഇവിടെവെച്ച് ജിൻഡാൽ തന്നെ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. തുടർന്ന് നിരന്തരം എതിർത്തിട്ടും അത് വകവെയ്ക്കാതെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഈ സംഭവത്തിന് ശേഷവും ജിൻഡാലുമായി സൗഹൃദം നിലനിർത്താൻ നടി ശ്രമിച്ചിരുന്നു. പക്ഷേ, ജിൻഡാൽ തന്റെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതായെന്നും പിന്നീട് നമ്പർ ബ്ലോക്ക് ചെയ്തെന്നുമാണ് നടിയുടെ ആരോപണം. 2022 ജൂണിലാണ് തന്റെ നമ്പർ ബ്ലോക്ക് ചെയ്തത്. ഇതിനുമുൻപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിച്ചാൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ജിൻഡാലിന്റെ ഭീഷണിയെന്നും നടി ആരോപിച്ചു.
സംഭവത്തിൽ 2023 ഫെബ്രുവരിയിലാണ് മുംബൈ ബി.കെ.സി. പോലീസിൽ നടി പരാതി നൽകിയത്. എന്നാൽ, നിരന്തരം പരാതി നൽകിയിട്ടും പോലീസ് ഗൗനിച്ചില്ല. ഇതോടെയാണ് നടി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.