വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

Update: 2023-09-22 06:24 GMT

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. പുതിയ വോട്ടർമാർക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളിൽ മാറ്റം വരുത്തും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിലവിൽ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടം അനുസരിച്ച് ആധാർ നിർബന്ധമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനാ വിഷയമാണ് വോട്ടർ പട്ടികയിലെ പേര് ചേർക്കുന്നത് സംബന്ധിച്ച ഹർജി.

2022ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ (ഭേദഗതി) നിയമ പ്രകാരം റൂൾ 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നമ്പർ വേണമോ എന്നതിൽ വ്യക്തത വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇതിനകം 66 കോടി ആധാർ നമ്പറുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.

Tags:    

Similar News