ആനകൾക്കു നീന്താനറിയാമോ?; 100ലേറെ ആനകൾ കൂട്ടമായി ബ്രഹ്‌മപുത്ര നദി മുറിച്ചുകടക്കുന്നതു കാണൂ...
വെല്ലുവിളികളെ, ഐക്യത്തോടെ ധീരമായി നേരിടുന്ന ആനക്കൂട്ടത്തിന്റ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ. ആനകൾക്കു നീന്താനറിയമോ എന്നു സംശയമുള്ളവർ നിറഞ്ഞൊഴുകുന്ന ബ്രഹ്‌മപുത്ര നദി നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കാണുമ്പോൾ തീർച്ചയായും അദ്ഭുതപ്പെടും! പ്രകൃതിദത്തമായ കഴിവിന്റെ അതിശയകരമായ പ്രകടനമായിരുന്നു ലാൻഡ്സ്‌കേപ് ഫോട്ടോഗ്രാഫർ സച്ചിൻ ഭരാലി ബ്രഹ്‌മപുത്ര നദിയിൽ കണ്ടത്. അദ്ദേഹം ആ ദൃശ്യങ്ങൾ പകർത്തി. ഭരാലി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
അസം ജോർഹട്ട് ജില്ലയിലെ നിമതിഘട്ടിൽ ബ്രഹ്‌മപുത്ര നദിയിലാണ് ആനക്കൂട്ടത്തിന്റെ നീരാട്ട് അരങ്ങേറിയത്. 100ലേറെ ആനകളാണ് നദിമുറിച്ചു നീന്തിയത്. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്‌മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്‌മപുത്ര പിന്നിലല്ല.
സാധാരണയായി ആനക്കൂട്ടങ്ങൾ അഞ്ചു മുതൽ 15 അംഗങ്ങൾവരെയാണു കാണപ്പെടുക. എന്നാൽ ഇടയ്ക്കിടെ, ഇവിടെ സംഭവിച്ചതുപോലെ, കാലാവസ്ഥ, ഭൂപ്രദേശം, വിഭവലഭ്യത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വലിതായിരിക്കും. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നു ശ്രദ്ധ പിടിച്ചുപറ്റി. മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുധാ രാമൻ പ്രശംസയോടെ ക്ലിപ്പ് വീണ്ടും പങ്കിട്ടു. 'ആനകൾ അവിശ്വസനീയമായ നീന്തൽക്കാരാണ്..!' എന്ന കുറിപ്പോടെയാണ് സുധാ രാമൻ വീഡിയോ പങ്കുവച്ചത്.
രാജ്യത്തു കർണാടകയ്ക്കു പിന്നിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനമാണ് അസം.