'80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും': യെദിയൂരപ്പ

Update: 2023-01-30 07:22 GMT

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നയം വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. അതിനർത്ഥം  രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല. 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ ക്ഷേ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയരാഷ്ട്രീയത്തിൽ താത്പര്യമില്ല. വാജ്പേയി ഉൾപ്പടെയുള്ളവർ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. ഇനി പോകാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടകയിൽ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്പോയവരെ വേശ്യകളെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് കൂടിയായ ഹരിപ്രസാദ് തന്‍റെ പ്രസ്താവന വിവാദമായതോടെ മാപ്പ് ചോദിച്ചു. കർണാടക വിജയനഗരെയിലെ ഹോസപെട്ടെയിൽ പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വൻ റാലിയിൽ  സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്‍റെ വിവാദപരാമർശം.

ജനം കേവലഭൂരിപക്ഷം നൽകാതിരുന്നതുകൊണ്ടാണ് 2018-ൽ സഖ്യസർക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ്, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റമടക്കം രൂക്ഷമാക്കിയത് ബിജെപി ഭരണത്തിലെ പിടിപ്പുകേട് കൊണ്ടാണെന്നും ഹരിപ്രസാദ് വിമർശിച്ചു. എന്നാൽ ഇത്തരം പ്രസ്താവനകൾ തരംതാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ, ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിജെപി പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഹരിപ്രസാദ് പറയുന്നത്.

Similar News