18 വർഷത്തിനു ശേഷം ഡൽഹി മൃഗശാലയിൽ കടുവക്കുഞ്ഞുങ്ങൾ പിറന്നു

Update: 2023-05-16 06:26 GMT

നീണ്ട 18 വർഷത്തിനു ശേഷം ഡൽഹി മൃഗശാലയിൽ കടുവക്കുഞ്ഞുങ്ങൾ പിറന്നു. ബംഗാൾ കടുവയായ സിദ്ധിയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഇതിൽ മൂന്നു കുട്ടികൾ ചത്തുപോയെന്നും രണ്ട് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നതായും അധികൃതർ തിങ്കളാഴ്ച അറിയിച്ചു. അമ്മയും ജീവനുള്ള രണ്ട് കുഞ്ഞുങ്ങളും നല്ല ആരോഗ്യമുള്ളവരാണെന്നും നിരന്തരമായ സിസി ടിവി നിരീക്ഷണത്തിലാണെന്നും മൃഗശാല ജീവനക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

കരൺ, സിദ്ധി, അദിതി, ബർഖ എന്നീ നാല് മുതിർന്ന ബംഗാൾ കടുവകളാണ് ഡൽഹി മൃഗശാലയിലുള്ളത്.നാഗ്പൂരിലെ ഗോരെവാഡയിൽ നിന്നാണ് സിദ്ധിയെയും അദിതിയെയും കൊണ്ടുവന്നത്.1959 നവംബർ 1നാണ് മൃഗശാല ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ ഇവിടെ കടുവകളുണ്ട്. വർഷങ്ങളായി, കടുവകളെ മൃഗശാലയിൽ വിജയകരമായി വളർത്തുകയും ഇന്ത്യയിലും വിദേശത്തുമുള്ള മൃഗശാലകളുമായി കൈമാറ്റം ചെയ്യുകയും ചെയ്തു.

2010-ൽ സെൻട്രൽ മൃഗശാല അതോറിറ്റി ആരംഭിച്ച ഏകോപിത ആസൂത്രിത സംരക്ഷണ ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, കടുവകളുടെ പങ്കാളിത്തമുള്ള മൃഗശാലയായി ഡൽഹി മൃഗശാല തെരഞ്ഞെടുത്തിട്ടുണ്ട്. മൃഗശാലകളെ ഏകോപിപ്പിക്കുന്ന മൃഗങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിലൂടെ ജനിതകമായി വൈവിധ്യമാർന്നതും ആരോഗ്യകരവുമായ കടുവകളുടെ എണ്ണം നിലനിർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Similar News