പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Update: 2023-05-28 03:24 GMT

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തോടുചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാപിച്ചു.

തുടര്‍ന്ന് വിളക്ക് കൊളുത്തിയായിരുന്നു ഉദ്‌ഘാടനം നിര്‍വഹിക്കപ്പെട്ടത്. പിന്നാലെ ഫലകം അനാച്ഛാദനം ചെയ്തു.

ഇതിന് മുന്നോടിയായി നടന്ന പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുത്തു. നരേന്ദ്ര മോദി ഏഴരയോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. പ്രധാനമന്ത്രി ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകള്‍ നടന്നത്. സര്‍വ്വമത പ്രാര്‍ത്ഥനയുമുണ്ടാവും.

തുടര്‍ന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതര്‍, ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിര്‍മ്മാണത്തിലേര്‍പ്പെട്ടവര്‍ എന്നിവരെ ആദരിക്കും. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടികള്‍ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായണ്‍ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്ബിന്റെയും പ്രകാശനം സ്പീക്കര്‍ ഓം ബിര്‍ള നിര്‍വഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നതോടനുബന്ധിച്ച്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹിയില്‍. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡല്‍ഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡല്‍ഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Similar News