കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ പൊളിക്കുന്നു; 2.30 സ്‌ഫോടനത്തിലൂടെ തകർക്കും

Update: 2022-08-28 05:30 GMT

ഡൽഹി അതിർത്തിയിലെ നോയിഡയിൽ 40 നിലകളിലായി 100 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പൊളിക്കൽ. 

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്‌ളാറ്റുകൾ അടങ്ങിയ അപെക്‌സ് (32നില), സെയാൻ (29നില) ഇരട്ട ടവറുകളാണ് തകർന്നു വീഴാൻ ഒരുങ്ങുന്നത്. 

ഇതിന് കുത്തബ് മിനാറിനേക്കാൾ ഉയരമുണ്ട്. സ്ഫോടനം ഉച്ചക്ക് ശേഷം 2.30 നാണ് നടക്കുക. 9 സെക്കൻഡിൽ കെട്ടിടങ്ങൾ നിലംപൊത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് 2021 ആഗസ്റ്റ് 28 നായിരുന്നു. കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് കണ്ടെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശി ചേതൻ ദത്തയാണ് സ്ഫോടനം നടത്താനുള്ള ബട്ടൺ അമർത്തുക. 

താപവൈദ്യുത നിലയങ്ങൾ, ഖനികൾ എന്നിവ പൊളിച്ച അനുഭവമുള്ള ആൾ. റെസിഡൻഷ്യൽ കെട്ടിടം പൊളിക്കുന്നത് ആദ്യം. ബട്ടണിൽ അമർത്തുക 50- 70 മീറ്റർ അകലെ നിന്ന്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഇരു കെട്ടിടങ്ങളിലും നിറച്ചത് 3700 കിലോ സ്ഫോടക വസ്തുക്കളാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കൽ, സ്ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ തെറിച്ച് വീഴുന്നത് തടയാൻ ഇരുമ്പ് മെഷും തുണികളും ഉപയോഗിച്ച് നിർമ്മിച്ച നാല് നിര സംരക്ഷണ കവചം, പൊടിപടലം ഇവയെല്ലാമാണ് നേരിടുന്ന പ്രധാന വെല്ലുവിളികൾ.

Similar News