ആവേശത്തിൽ കർണാടക ; പാട്ടും നൃത്തവുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം

Update: 2023-05-13 04:34 GMT

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വ്യക്തമായ ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 113 സീറ്റുമായി കോൺഗ്രസ് മുന്നിലാണ്. 76 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 30 സീറ്റുകളിൽ ജെ.ഡി.എസും മറ്റുള്ളവർ രണ്ടു സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. എക്‌സിറ്റ് പോളുകൾ സത്യമാകുന്ന കാഴ്ചയാണ് കാണുന്നത്.

വിജയമുറപ്പിച്ച് കോൺഗ്രസ് ആഘോഷം തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണൽ തുടങ്ങും മുൻപെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങി.പാർട്ടി പ്രവർത്തകർ ധോളും നാഗരുമായി ഒത്തുകൂടി. പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം. വിജയാശംസകൾ നേർന്ന് പാർട്ടി നേതാക്കൾ പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രത്യേക ഹനുമാൻ പൂജയും നടത്തി. കർണാടകയിലെ വിജയത്തിൽ നന്ദി പറഞ്ഞുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർക്കായി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

മേയ് 10നായിരുന്നു കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസ് കർണാടകയിൽ ആക്രമണാത്മക പ്രചാരണം നടത്തിയിരുന്നു.

Similar News