കുവൈത്തിൽ നിയമലംഘകർക്കായുള്ള സുരക്ഷ പരിശോധനകൾ തുടരുന്നു. പൊതുമാപ്പ് അവസാനിച്ചതോടെ സജീവമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പൊതുമാപ്പ് അവസാനിച്ചതിനു പിറകെ രാജ്യവ്യാപകമായി ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.
താമസരേഖകൾ പരിശോധിക്കുന്നതിന് റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെ ഓരോ ഗവർണറേറ്റിലും പദ്ധതി അവർ തയാറാക്കിയാണ് അധികൃതർ നിരത്തിലിറങ്ങുന്നത്. പബ്ലിക് സെക്യൂരിറ്റി, റെസ്ക്യൂ, ട്രാഫിക്, സ്പെഷൽ ഫോഴ്സ് പട്രോളിങ് എന്നിവയെല്ലാം പരിശോധനകളിൽ പങ്കാളിയായി. ഇതിനകം വിവിധ ഗവർണറേറ്റുകളിൽ നിന്നായി ആയിരത്തിലധികം പേർ പിടിയിലായിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ് ഒളിവിൽ കഴിയുന്നവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇവരെ നടപടികൾക്കു ശേഷം കുവൈത്തിൽ നിന്ന് നാടുകടത്തും.