ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം ; സ്വാഗതം ചെയ്ത് കുവൈത്ത്
ഗാസയിൽ ഉടൻ വെടിനിർത്തലാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയം കുവൈത്ത് സ്വാഗതം ചെയ്തു.
യു.എൻ ചാർട്ടറിൽ അനുശാസിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിഞ്ഞ അഞ്ചു മാസം യു.എൻ രക്ഷാസമിതിക്ക് കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ജനതയെയും അവരുടെ നിയമാനുസൃത രാഷ്ട്രീയ അവകാശങ്ങളെയും സ്വയം നിർണയാവകാശത്തെയും പിന്തുണക്കുന്നതിലും പലസ്തീൻ സ്വതന്ത്രരാജ്യം സ്ഥാപിക്കുന്നതിലും കുവൈത്തിന്റെ ഉറച്ച നിലപാടും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
തിങ്കളാഴ്ചയാണ് ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കിയത്. വ്രതമാസമായ റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. 15 സ്ഥിരാംഗങ്ങളിൽ 14 പേരുടെയും പിന്തുണ ഗസ്സ വെടിനിർത്തൽ പ്രമേയത്തിന് ലഭിച്ചു.