കുവൈത്തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഊഷ്മള സ്വീകരണം. ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഗുട്ടറസിനെ സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. കുവൈത്തും യു.എന്നും തമ്മിലുള്ള മാതൃകാപരമായ ബന്ധം, കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും പിന്തുണ നൽകുന്ന ശ്രമങ്ങൾ, വികസനവും മാനുഷിക സംരംഭങ്ങളും കൈവരിക്കുന്നതിനുള്ള ഏകോപനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും അടിയന്തര വെടിനിർത്തലിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും മുന്നോട്ടുവെച്ചു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി. ഗുട്ടറസിന്റെ രാഷ്ട്രീയ ശ്രമങ്ങൾക്കും സേവനങ്ങൾക്കുമുള്ള അംഗീകാരമായി അമീർ അദ്ദേഹത്തിന് ‘ഓർഡർ ഓഫ് കുവൈത്ത്’നൽകി ആദരിച്ചു.
നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഗുട്ടറസിനേയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കുവൈത്തും യു.എന്നും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശികമായും ആഗോളമായും സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവിഭാഗവും ചർച്ച ചെയ്തു. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയുടെ ഭാഗമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഗുട്ടറസ് കുവൈത്തിലെത്തിയത്. യു.എൻ-കുവൈത്ത് ബന്ധം മെച്ചപ്പെടുത്തലിനൊപ്പം മാനുഷിക, വികസന വിഷയങ്ങൾ, ആഗോള സുരക്ഷയും സമാധാനവും സംബന്ധിച്ച ഏകോപിപ്പിക്കുന്നതിനും സന്ദർശനം ഊന്നൽ നൽകും.