കുവൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
ആഴ്ചയിൽ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു ബാഗ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കച്ചവടം കുറഞ്ഞതിനാല്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. തണുപ്പ് കുറഞ്ഞത് ക്യാമ്പിംഗ് സീസണനേയും നന്നായി ബാധിച്ചിട്ടുണ്ട്.