കുവൈത്തിൽ പ്രവാസികള്‍ക്ക് പ്രിന്റഡ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന കാര്യം പരിഗണയിലെന്ന് റിപ്പോർട്ട്. വിഷയം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രവാസികൾക്ക് ഡിജിറ്റല്‍ ലൈസന്‍സാണ് അനുവദിക്കുന്നത്. ഇത് പല ഗൾഫ് രാജ്യങ്ങളിലെയും ട്രാഫിക് അധികാരികൾ അംഗീകരിക്കാൻ വിമുഖത കാണിക്കാറുണ്ട്.
കരമാർഗം കുവൈത്ത് വിടുന്ന പ്രവാസികൾക്ക് ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 10 മുതൽ 30 ദിനാർ വരെ ഫീസ് നല്‍കിയായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുകയെന്നാണ് സൂചന. ഒരു വർഷത്തേക്കാകും ലൈസൻസ് അനുവദിക്കുക. അതേസമയം, രാജ്യത്ത് ഡിജിറ്റൽ ലൈസൻസുകൾ തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.