കുവൈത്തിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി ; അഭിനന്ദനം അറിയിച്ച് കുവൈത്ത് മന്ത്രിസഭ
കുവൈത്ത് മന്ത്രിസഭ പ്രതിവാര യോഗം ബയാൻ പാലസിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്നു. അൽ നുഖാദ സമുദ്രമേഖലയിലെ എണ്ണ-വാതക ശേഖരം കണ്ടെത്തിയതിനെ മന്ത്രിസഭ അഭിനന്ദിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷന്റെയും കുവൈത്ത് ഓയിൽ കമ്പനിയുടെയും മഹത്തായ പരിശ്രമങ്ങളെയും അഭിനന്ദിച്ചു.ഈ കണ്ടെത്തൽ കുവൈത്തിനെ എണ്ണ മേഖലയിലെ മുൻനിര ഉൽപാദകരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നും സൂചിപ്പിച്ചു.
ആരോഗ്യ മന്ത്രാലയ ആപ്ലിക്കേഷന്റെ (കുവൈത്ത് ഹെൽത്ത്) പുതിയ പതിപ്പ് സംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദിയുടെ വിവരണം മന്ത്രിസഭ അവലോകനം ചെയ്തു. പദ്ധതിക്കായി ആരോഗ്യമന്ത്രിയും ഉത്തരവാദപ്പെട്ടവരും നടത്തിയ ആത്മാർഥമായ ശ്രമങ്ങളെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു. നിരവധി മരുന്നുകളുടെ വില കുറക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്തു.
കുവൈത്ത് റെയിൽവേ റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് കൗൺസിൽ നൽകിയ റിപ്പോർട്ടും ചർച്ച ചെയ്തു. പ്രവൃത്തി വേഗത്തിലാക്കാനും നിശ്ചിത ഷെഡ്യൂളുകൾക്ക് മുമ്പായി നിർവഹണ ഘട്ടം ആരംഭിക്കാനും നിർദേശം നൽകി.